കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചില നിര്‍ണായക വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സഹോദരന്‍ പി. അനൂപിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ച് ചോദ്യം ചെയ്യും.
ഇതിനു ശേഷം ദിലീപിനെയും സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരെയും ചോദ്യം ചെയ്യും. അതേസമയം ക്രൈംബ്രാഞ്ച് പ്രധാനമായും ആവശ്യപ്പെട്ട മൊബൈല്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ ഫോണ്‍ ഒഴികെ ഉള്ളവയാണ് പരിശോധനയ്ക്ക് അയച്ചത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ കോടതിയുടെ അനുമതിയോടെ വീണ്ടും ബംഗളുരുവിലെ ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയക്കും.