ദുബായ്: യുഎഇയില്‍ സ്ഥാപിതമാകുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഇന്ത്യയില്‍ നിന്നുളള വിദ്യാർത്ഥികളെ കൂടാതെ എമിറാത്തികള്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുളളവർക്കും പ്രവേശനം അനുവദിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡർ സജ്ഞയ് സുധീർ.
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിർച്വല്‍ കൂടികാഴ്ചയില്‍ യുഎഇയില്‍ ഐഐടി സ്ഥാപിക്കാന്‍ ധാരണയായിരുന്നു. ഇത് സംബന്ധിച്ച കരാർ ഒപ്പുവച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസിഡറുടെ പ്രതികരണം.
ഇന്ത്യയിലെ 23 ഐഐടികള്‍ ലോക നിലവാരമുളളതാണ്. ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും കൂടാതെ ബാച്ചിലർ ഓഫ് ടെക്‌നോളജി (ബിടെക്), മാസ്റ്റർ ഓഫ് ടെക്‌നോളജി (എംടെക്) എന്നിവയാണ് ഐഐടികളിൽ ഏറ്റവും പ്രചാരമുള്ള കോഴ്‌സുകൾ. ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈ,ഇന്ത്യൻ ഐടി വ്യവസായത്തിന്റെ മുഖം എൻ. ആർ നാരായണ മൂർത്തി, പ്രമുഖ നോവലിസ്റ്റ് ചേതന്‍ ഭഗത്, മുൻ റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍ ഇവരെല്ലാം ഇന്ത്യന്‍ ഐഐടിയുടെ സംഭാവനകളാണ്.
ഇന്ത്യന്‍ ഐഐടിക്ക് ആഗോള അംഗീകാരമുണ്ട്, ഇതാദ്യമായാണ് ഐഐടിയുടെ ഒരു ക്യാംപസ് വിദേശത്ത് സ്ഥാപിക്കുന്നത്. അത് യുഎഇ ആണെന്നുളളത് സന്തോഷമാണ്. ഐഐടിയിലെ പ്രവേശനം ഇന്ത്യന്‍ സമൂഹത്തിനും എമറാത്തി വിദ്യാർത്ഥികള്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുളളവർക്കുമായിരിക്കുമെന്ന് സജ്ഞയ് സുധീർ പറഞ്ഞു.
ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ വഴിയാണ് ഐഐടി പ്രവേശനം നടത്തുന്നത്. സാധാരണയായി ഇന്ത്യയിലേക്ക് എത്തി വിദ്യാർത്ഥികള്‍ പരീക്ഷ എഴുതുകയാണ് പതിവ്. എന്നാല്‍ യുഎഇയില്‍ ഐഐടി സ്ഥാപിതമാകുമ്പോള്‍ ഇത്തരത്തിലുളള കാര്യങ്ങളിലെല്ലാം മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വശങ്ങളെ കുറിച്ചുളള ചർച്ചകള്‍ നടന്ന് വരികയാണ്.