കണ്ണൂര്‍: തലശേരി ന്യൂ മാഹിയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ മൃതദേഹം ന്യൂമാഹിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വൈകുന്നേരം 5:30 ഓടെയാണ് ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചത്. സി.പി.എം പ്രവര്‍ത്തകരും നേതാക്കളും ഹരിദാസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസനെ ആക്രമി സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ കാത്തുനിന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി പറഞ്ഞു.
സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് മരിച്ച ഹരിദാസന്‍. ഹരിദാസന്റെ വീടിന്റെ മുന്നില്‍ വെച്ച് ഒരു സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസന്‍ മരിച്ചിരുന്നു.
സംഭവത്തില്‍ ഏഴ്പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. കസ്റ്റഡിയിലായവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.
പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷിനെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.