കൊച്ചി: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍ നിയമന കേസിലെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സെനറ്റ് അംഗം ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ച നടപടി ഡിവിഷന്‍ ബെഞ്ചുകൂടി ശരിവച്ചതോടെ അദ്ദേഹത്തിനു തുടരാം.
പുനര്‍നിയമന നടപടി സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഇതു പരിഗണിച്ചില്ലെന്നുമായിരുന്നു അപ്പീല്‍ ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ പുതിയ നിയമനമല്ല പുനര്‍ നിയമനമാണ് നടത്തിയതെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. പുനര്‍ നിയമനമായതിനാല്‍ സെര്‍ച്ച് കമ്മിറ്റിയുടെ ആവശ്യമില്ലെന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
പുനര്‍ നിയമനമായതിനാല്‍ വിസി നിയമനത്തിനു പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലെന്നും സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. കൂടാതെ ആദ്യ നിയമനത്തില്‍ മാത്രമാണ് പ്രായ പരിധി പരിഗണിക്കേണ്ടതുള്ളൂ എന്ന വാദവും അംഗീകരിക്കുകയായിരുന്നു.
യുജിസി മാര്‍ഗ നിര്‍ദേശങ്ങളിലും പുനര്‍ നിയമനത്തിനു സെര്‍ച്ച് കമ്മിറ്റി ആവശ്യമില്ലെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന സിംഗിള്‍ ബെഞ്ച് കണ്ടെത്തല്‍ ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചു. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.