'പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു': സിപിഎമ്മിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

'പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു': സിപിഎമ്മിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

നടപ്പാത കൈയ്യേറി കൊടി തോരണങ്ങള്‍ കെട്ടിയതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകള്‍ കൈയ്യേറി കൊടി തോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിച്ചെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ?.

പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വച്ചിട്ടില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥ? വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി ചിത്രീകരിക്കുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

റോഡരികിലുള്ള അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കാര്യമായ നടപടി എടുക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതിനിടെയാണ് ജില്ലയിലടക്കം സംസ്ഥാനമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്നത് ഭരണകക്ഷിയുടെ ബോര്‍ഡുകളാണെന്ന് അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടിയത്.

അതോടെയാണ് സിപിഎമ്മിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. ഒരു ജീവന്‍ അപകടത്തില്‍പ്പെട്ടിട്ടാണോ കോടതി ഉത്തരവുകള്‍ നടപ്പാക്കുകയെന്നും ഹൈക്കോടതി ചോദിച്ചു




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.