കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. പവന് 800 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് വില 38,160 ആയി. സ്വര്‍ണം ഗ്രാമിന് 4,770 രൂപയായും ഉയര്‍ന്നു.
അടുത്തിടെ ആദ്യമായാണ് സ്വര്‍ണത്തിന്റെ വില 38,000 കടക്കുന്നത്. 35,000 ത്തില്‍ നിന്നിരുന്ന സ്വര്‍ണ വിലയില്‍ ഫെബ്രുവരി മധ്യത്തോടെയാണ് മാറ്റം ഉണ്ടായിതുടങ്ങിയത്. നിലവില്‍ ഉക്രെയ്നില്‍ റഷ്യ നടത്തുന്ന ആക്രമണം ഓഹരി വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി ഒന്നിന് 36,088 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഫെബ്രുവരി പകുതിയോടെ ഇത് വര്‍ധിച്ചു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്നാണ് സൂചന. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. ഇതും വില ഉയരാനുള്ള പ്രധാനകാരണമാണ്.