ദുബായ്: എമിറേറ്റിലെ സർക്കാർ ജീവനക്കാരായ പ്രവാസികള്‍ക്ക് പ്രൊവിഡന്‍റ് ഫണ്ട് ഏർപ്പെടുത്താന്‍ സർക്കാർ. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.

ആദ്യഘട്ടത്തില്‍ സർക്കാർ മേഖലയിലെ പ്രവാസികള്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. അടുത്തഘട്ടത്തില്‍ സ്വകാര്യമേഖലയില്‍ കൂടി പിഎഫ് ഏർപ്പെടുത്താനും ആലോചനയുണ്ട്. ദുബായില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിത സൗകര്യവും സമ്പാദ്യവും ഉറപ്പാക്കുകയാണ് ഇത്തരത്തിലൊരു തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക്അനുസൃതമായിട്ടാണ് പിഎഫ് നടപ്പിലാക്കുക. ദുബായ് അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രത്തിനാണ് ( ഡിഐഎഫ് സി) ഫണ്ടിന്‍റെ മേല്‍നോട്ടം. ജീവനക്കാരില്‍ നിന്ന് പിഎഫിലേക്ക് ഈടാക്കുന്ന വിഹിതം വിവിധ തരത്തില്‍ നിക്ഷേപിക്കാന്‍ അവസരവുമുണ്ട്.

സ്വകാര്യമേഖലയില്‍ ഇത് എങ്ങനെ പ്രാവർത്തികമാക്കാമെന്നുളളതില്‍ പഠനങ്ങള്‍ നടത്തും. ഇതിനായുളള നിർദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റിക്കൊപ്പം പി എഫ് ആനുകൂല്യവും ലഭ്യമാക്കും.