കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോട് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിയിലുള്ള ആശങ്കകള്‍ കേള്‍ക്കുന്നതിനും ഇതിന് വേണ്ട വിശദീകരണം നല്‍കുന്നതിനുമാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി യുഎസില്‍ ചികിത്സയ്ക്ക് പോയതിനെ തുടര്‍ന്ന് നേരത്തേ മാറ്റിവച്ച പരിപാടിയാണ് ഇന്ന് നടത്തുന്നത്.
ഹോട്ടല്‍ സമുദ്രയില്‍ വൈകിട്ടു മൂന്നരക്കാണു യോഗം. അതേസമയം യോഗം നടക്കുന്ന വേദിയിലേക്കു കെറെയില്‍ വിരുദ്ധ സമര സമിതി മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്ടു നിന്ന് ആരംഭിച്ച സില്‍വര്‍ലൈന്‍ വിരുദ്ധ യാത്ര ഇന്നാണ് ജില്ലയിലെത്തുന്നത്. ഈ യാത്ര മുഖ്യമന്ത്രിയുടെ വിശദീകരണ വേദിയിലേക്കു സംഘടിപ്പിക്കാനാണു തീരുമാനം. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയേക്കും.