വര്‍ക്കല: വീടിന് തീപിടിച്ച് പിഞ്ചു കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്ത് മരിച്ചു. വര്‍ക്കല ചെറുന്നിയൂരിലാണ് സംഭവം. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍(64), ഭാര്യ ഷെര്‍ളി(53), മകന്‍ അഖില്‍(25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.
പ്രതാപന്റെ മൂത്തമകന്‍ നിഖിലിന്(29) ഗുരുതരമായി പൊള്ളലേറ്റു. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു മകന്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. ഇരുനില വീടിനാണ് തീപിടിച്ചത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്.
അഗ്നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീടിന്റെ മുഴുവന്‍ മുറികളിലേ്ക്കും തീ പടര്‍ന്നിരുന്നു. വെളുപ്പിന് ആറു മണിയോടെയാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും തീപിടിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. റൂറല്‍ എസ് പി ദിവ്യ ഗോപിനാഥ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.