മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പാണക്കാടെത്തി അനുശോചനം രേഖപ്പെടുത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് രാഹുലിനെ സ്വീകരിച്ചത്. 'വലിയ സങ്കടത്തോടെയാണ് ഇന്നിവിടെ എത്തിയത്. രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, ആത്മീയ നേതാവ് കൂടിയായിരുന്നു ഹൈദരലി തങ്ങള്‍' രാഹുല്‍ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധി തയ്യാറാക്കിയ അനുശോചനക്കുറിപ്പുമായാണ് രാഹുല്‍ ഗാന്ധി പാണക്കാട്ടെത്തിയത്.
രാഷ്ട്രീയ രംഗത്തും ആത്മീയ രംഗത്തും ഒരുപോലെ തിളങ്ങിയ അപൂര്‍വ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. ഹൈദരലി തങ്ങള്‍ പിന്തുടര്‍ന്ന പാത സാദിഖലി തങ്ങളും പിന്തുടരുമെന്ന് അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാണക്കാട് അനുശോചനം അറിയിക്കാന്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എന്നിവരും രാഹുല്‍ ഗാന്ധിക്ക് ഒപ്പമെത്തിയിരുന്നു.