തിരുവനന്തപുരം∙ കാലഹരണപ്പെട്ട റാങ്ക് പട്ടികകളില്‍ നിന്നു നിയമനം നടത്തണമെന്ന സുപ്രീം കോടതി വിധിയിൽ തീരുമാനമെടുക്കാതെ പിഎസ്‍സി. നിയമോപദേശം ലഭിക്കാത്ത സാഹചര്യത്തിലാണു തീരുമാനം മാറ്റിയത്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കൊക്കെ നിയമനം നല്‍കണം എന്നതിനെക്കുറിച്ചാണു പിഎസ്‍സി നിയമോപദേശം തേടിയത്. ഇതു ലഭിച്ചാല്‍ പിഎസ്‍സിയുടെ ലിറ്റിഗേഷന്‍ ഉപസമിതി പരിശോധിച്ച് തീരുമാനമെടുക്കും. പിഎസ്‍സി യോഗവും ഇത് അംഗീകരിക്കണം.
കാലഹരണപ്പെട്ട റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്കു നിയമനം നല്‍കേണ്ടി വന്നാല്‍ നല്‍കാനായി അഞ്ഞൂറോളം ഒഴിവുകള്‍ നീക്കി വച്ചിട്ടുണ്ട്. ജോലിക്ക് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയ ശേഷം, ഇതിനോടകം മറ്റു ജോലി ലഭിച്ചവരില്‍ നിന്ന് ഈ ജോലി വേണ്ടെന്ന സത്യവാങ്മൂലം എഴുതി വാങ്ങണം.
അല്ലെങ്കില്‍ വീണ്ടും നിയമപ്രശ്നം വരും. ഇതെല്ലാം കഴിഞ്ഞാലേ എത്ര പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കേണ്ടി വരുമെന്നു വ്യക്തമാകൂ. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നു പിഎസ്‌സി അധികൃതര്‍ അറിയിച്ചു.