കൊച്ചി: വിദേശ മെഡിക്കല്‍ ബിരുദധാരികളെ നിയമനത്തില്‍ നിന്ന് ഒഴിവാക്കിയ വിവാദ നടപടി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് റദ്ദാക്കി. ഇവര്‍ക്ക് അവസരം നല്‍കാന്‍ ഇന്ന് വീണ്ടും അഭിമുഖം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ നാലിന് നടത്തിയ അഭിമുഖമാണ് വിവാദമായത്. അഭിമുഖം സംബന്ധിച്ച വിജ്ഞാപനത്തില്‍ 'ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് ജയിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിയമനം' എന്ന വ്യവസ്ഥയ്‌ക്കെതിരെ വിദേശത്ത് പഠിച്ച ഡോക്ടര്‍മാരും അവരുടെ രക്ഷിതാക്കളും രംഗത്തു വന്നിരുന്നു. വ്യവസ്ഥ തയ്യാറാക്കിയതില്‍ സംഭവിച്ച ക്‌ളറിക്കല്‍ പിഴവെന്നാണ് ഇതിന് അധികൃതര്‍ നല്‍കിയ വിശദീകരണം.
വിദേശ സര്‍വകലാശാലകളില്‍ നിന്ന് വിജയിച്ച് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയ ആര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജ് അധികൃതരെ ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്‌സ് പേരന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചിരുന്നു. അസോസിയേഷന്‍ ജില്ലാ നിര്‍വാഹക സമിതി അംഗം ജെമ്മ ജെയിംസ് അറിയിച്ചതിനെ തുടര്‍ന്ന് അസോസിയേഷന്‍ ഒഫ് എം.ഡി ഫിസിഷ്യന്‍സ് എന്ന വിദേശ ബിരുദധാരികളുടെ സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
നാലാം തീയതിയിലെ അഭിമുഖത്തില്‍ തുടര്‍ നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശവും നല്‍കി.