നടി കാവ്യ മാധവന്റെ വസ്ത്ര സ്ഥാപനത്തില്‍ തീപിടുത്തം; ലക്ഷങ്ങളുടെ തുണികള്‍ കത്തി നശിച്ചു

നടി കാവ്യ മാധവന്റെ വസ്ത്ര സ്ഥാപനത്തില്‍ തീപിടുത്തം; ലക്ഷങ്ങളുടെ തുണികള്‍ കത്തി നശിച്ചു

കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യല്‍ മെഷീനുകളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തിയ ശേഷമേ കൃത്യമായ കാരണം പറയാന്‍ കഴിയുകയുള്ളൂവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുട്ടീക്കില്‍ നിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി. അഞ്ചരയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.

2015 ലാണ് ഓണ്‍ ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയിലൂടെ കാവ്യ മാധവന്‍ സംരഭകത്വത്തിലേക്ക് കടന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഈ സ്ഥാപനവും വിവാദത്തില്‍ ഇടംപിടിച്ചിരുന്നു. തീപിടുത്തത്തിന് പിന്നില്‍ മറ്റെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.