ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിക്കെതിരെ ഭീഷണിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അതൊരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടാണെന്നുമാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം. ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രകോപനം. വര്‍ഗീസിന്റെ പ്രസംഗത്തിനെതിരേ കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തു വന്നതോടെ സിപിഎം പ്രതിരോധത്തിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ ഭരണപരാജയത്തിനെതിരെ ചെറുതോണിയില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഎം നടത്തിയ പരിപാടിയിലാണ് സുധാകരനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശം ഉയര്‍ന്നത്. ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ധീരജിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം നിലനില്ക്കുന്നുണ്ട്.
അതേസമയം തന്റെ പ്രസംഗം പ്രകോപനമല്ലെന്നും സുധാകരനുള്ള മറുപടി മത്രമാണെന്നും വര്‍ഗീസ് പ്രതികരിച്ചു. ധീരജ് കേസിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരന്‍ പറഞ്ഞുവെന്ന് വര്‍ഗീസ് ആരോപിച്ചു.