ദിലീപ് വീണ്ടും പെട്ടു: ഗൂഢാലോചനക്കേസിലെ ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്ന് ലാബ് ഉടമ

ദിലീപ് വീണ്ടും പെട്ടു: ഗൂഢാലോചനക്കേസിലെ ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്ന് ലാബ് ഉടമ

കൊച്ചി: ഗൂഢാലോചനക്കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. ഫോണ്‍ രേഖകള്‍ നശിപ്പിച്ചുവെന്ന് മുംബൈയിലെ ലാബ് ഉടമ മൊഴി നല്‍കി. 75000 രൂപ വീതം ഈടാക്കിയാണ് ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ലാബ് ഉടമ പറഞ്ഞു. ദിലീപിനെ സഹായിച്ചത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂര്‍ ആണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച ഫോണ്‍ രേഖകള്‍ ദിലീപിന്റെ അഭിഭാഷകന്‍ കണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് ജനുവരി 29 നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലേയും വിവരങ്ങള്‍ നീക്കം ചെയ്തു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറര്‍ ഇമേജ് വീണ്ടെടുക്കാന്‍ തങ്ങള്‍ക്കായെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഫോണുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ഫോണിലെ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നു.

അതേസമയം, ലാബിലെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നേരെത്തെ വിന്‍സന്‍ ചൊവ്വല്ലൂര്‍ മുഖേന ദിലീപിന്റെ അഭിഭാഷകനാണ് ഫോണുകള്‍ പൊലീസിന് കൈമാറിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.