തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നികുതി വര്‍ധിക്കും. ബജറ്റിലാണ് ഇതു സംബന്ധിച്ച് നിര്‍ദേശമുള്ളത്. ബൈക്കുകള്‍ക്ക് വില കൂടും. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കാനാണ് ബജറ്റില്‍ നിര്‍ദേശം. ഇതുവഴി പ്രതിവര്‍ഷം 60 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചിരിക്കുന്നത്.
ബൈക്കുകളുടെ നികുതി വര്‍ധിപ്പിക്കുന്നതിനൊപ്പം പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താനും ബജറ്റില്‍ നിര്‍ദേശിക്കുന്നുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് വാദം. അടുത്തിടെ കേന്ദ്രം സ്‌ക്രാപ്പ് പോളിസി ഏര്‍പ്പെടുത്തിയിരുന്നു. പഴയ വാഹനങ്ങളെ നിരത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്.
മോട്ടോര്‍ വാഹനങ്ങളുടെ നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള പദ്ധതികള്‍ ഈ വര്‍ഷവും തുടരുമെന്നും മന്ത്രി അറിയിച്ചു. രണ്ട് കോടി രൂപയുടെ അധിക വരുമാനം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ബജറ്റിലെ നിര്‍ദേശം അനുസരിച്ച് പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. മുച്ചത്ര വാഹനങ്ങള്‍, സ്വകാര്യ മോട്ടോര്‍ വാഹനങ്ങള്‍, ഇടത്തരം മോട്ടോര്‍ വാഹനങ്ങള്‍, ഹെവി മോട്ടോര്‍ വാഹനങ്ങള്‍, മറ്റ് ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്കാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്. ഏകദേശം 10 കോടി രൂപയുടെ അധിക വരുമാനം കണക്കാക്കുന്നു.