പാലക്കാട്: സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരുടെ കോല്‍ക്കളി പരിശീലനം. ഡ്യൂട്ടി സമയത്ത് ഔദ്യോഗിക ക്യത്യ നിര്‍വഹണം മാറ്റി വച്ചായിരുന്നു ജീവനക്കാരുടെ കോല്‍ക്കളി. പാലക്കാട് ജി എസ് ടി ഓഫീസിലെ വനിതാ ജീവനക്കാരാണ് ജോലി സമയത്ത് ഓഫീസില്‍ കോല്‍ക്കളി പരിശീലനം നടത്തിയത്.
കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയാണ് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. നൂറ് കണക്കിന് ഫയലുകള്‍ തീര്‍പ്പാക്കാതെ ഓഫീസില്‍ കെട്ടിക്കിടക്കുമ്പോഴായിരുന്നു വനിതാ ജീവനക്കാരുടെ പരിശീലനം. ആരോ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ പരിശീലനം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
ഇവരുടെ കോല്‍ക്കളി പരിശീലനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനോടകം ഒട്ടനവധി ആളുകളാണ് ജീവനക്കാരുടെ കോല്‍ക്കളിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന കുടുംബ മേളയുടെ ഭാഗമായാണ് ജീവനക്കാര്‍ കോല്‍ക്കളി പരിശീലനം നടത്തിയത്.