അബുദബി: ഫുട്ബോള് മത്സരത്തിനിടെ ആരാധകർ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സംഭവത്തില്‍ നടപടിയുമായി അധികൃതർ. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യാനാണ് അബുദബി പബ്ലിക് പ്രോസിക്യൂഷന്‍റെ ഉത്തരവ്.
അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ നടന്ന അഡ്നോക് പ്രോ ലീഗ് മത്സരത്തിനിടെയാണ് ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. അല് ഐന്‍, അല്‍ വഹ്ദ ടീമുകള്‍ തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടിയുമായി അധികൃതർ രംഗത്തെത്തിയത്.
ക്ലബ് അംഗങ്ങളുടെ ആവേശം പൊതു സമൂഹത്തിന് ദോഷകരമാകുന്ന രീതിയിലേക്ക് മാറാന്‍ അനുവദിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.