തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ സൂചന അനുസരിച്ച് ന്യൂനമര്‍ദത്തിന്റെ പാത തമിഴ്‌നാട് തീരത്തു നിന്ന് അകന്നു പോകാനാണ് സാധ്യത. കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിച്ചു. ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
മാര്‍ച്ച് 20ഓടെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപംകൊളളാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകര്‍ കാണുന്നുണ്ട്. വിവിധ ജില്ലകളില്‍ ശരാശരിയെക്കാള്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്ന സാഹചര്യമുണ്ടായി. പുനലൂരില്‍ 39.2 ഡിഗ്രി രേഖപ്പെടുത്തിയതാണ് ഈ സീസണിലെ ഏറ്റവും വലിയ ചൂട്. പകല്‍സമയത്ത് പുറംജോലികള്‍ ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.