കൊച്ചി: വധ ഗൂഢാലോചന കേസിൽ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 10 ന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സായി ശങ്കറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകള്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചും നശിപ്പിച്ചു എന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങള്‍ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സായി ശങ്കര്‍ പറയുന്നത്.
തന്നെ കേസില്‍ പ്രതിയാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴിനല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം രംഗത്തുവരികയും ചെയ്തു. അതേസമയം ഇന്നലെ സായി ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ലാറ്റില്‍ ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. കാരപ്പറമ്പില്‍ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ 16ാം നിലയിലുള്ള സായി ശങ്കറിന്റെയും ഭാര്യാപിതാവിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് ഫ്ലാറ്റുകളിലായിരുന്നു ആറംഗ സംഘത്തിന്റെ റെയ്ഡ്.