തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിഷയത്തില്‍ തന്റെ നിലപാട് സര്‍ക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറില്‍ വിശ്വാസമുണ്ട്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എങ്കിലും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ എന്ന നിലയ്ക്ക് സര്‍ക്കാരിന് ജനങ്ങളുടെ വികാരങ്ങള്‍ കണ്ടില്ലെന്ന് ജനങ്ങളുടെ വികാരങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. കൃത്യസമയത്ത് അനുയോജ്യമായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്ത്രീകളെ പ്രതിഷേധസ്ഥലത്തുനിന്നും പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിലുള്ള വിയോജിപ്പ് ഗവര്‍ണര്‍ രേഖപ്പെടുത്തി. സ്ത്രീകള്‍ക്ക് പ്രത്യേകം ബഹുമാനം നല്‍കേണ്ടതാണെന്ന് പൊലീസ് മനസിലാക്കണം. പുരുഷന്മാരേയും ബലം പ്രയോഗിച്ച് വലിച്ചുനീക്കുന്നത് ശരിയല്ലെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റയിലിന് അതിരുകല്ല് സ്ഥാപിക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമാകുകയാണ്. ജനങ്ങളും പൊലീസും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായി .സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗവര്‍ണറുടെ പ്രതികരണം.