കൊച്ചി: കളമശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് നാല് മരണം. രണ്ടു പേരെ പരിക്കുകളോടെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തില്‍പ്പെട്ടത് ബംഗാളില്‍ നിന്നുള്ള ഏഴ് അതിഥി തൊഴിലാളികളാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണ് നീക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ആറ് പേരെയും പുറത്തെടുത്തത്. കാണാതായ ഒരാള്‍ക്കായി കൂടുതല്‍ മണ്ണ് നീക്കി തിരച്ചില്‍ നടത്തുകയാണ്.
ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സുരക്ഷാ നടപടികളില്‍ എന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. സംഭവത്തെപ്പറ്റി അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. തുടര്‍ നിര്‍മ്മാണങ്ങള്‍ക്ക് തല്‍ക്കാലം വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.