കെ റെയില്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് വി.ഡി. സതീശന്‍; കല്ലിളക്കിയാല്‍ വിവരമറിയുമെന്ന് സജി ചെറിയാന്‍

കെ റെയില്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് വി.ഡി. സതീശന്‍; കല്ലിളക്കിയാല്‍ വിവരമറിയുമെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷവും വിട്ടുകൊടുക്കാതെ സര്‍ക്കാരും. പാവപ്പെട്ടവരെ ജയിലില്‍ അയയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാല്‍ ജനങ്ങളെ പുറകിലേക്ക് മാറ്റിനിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെല്ലുവിളി. കല്ലുകള്‍ പിഴുതെറിയുകയും വേണമെങ്കില്‍ ജയിലില്‍ പോകുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ മന്ത്രി സജി ചെറിയാന്‍ രംഗത്തു വന്നു. കെ റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ കാണുന്നത്. കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

സമരത്തെ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. ഒരാളെ പോലും മര്‍ദ്ദിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷം കെ റെയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുഡിഎഫ് ജനകീയ സദസുകള്‍ സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിലെ മുളക്കുഴയില്‍ നടന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ ജനകീയ സദസില്‍ പങ്കെടുത്തു. വാശിയും ധാര്‍ഷ്ട്യവുമായി മുഖ്യമന്ത്രി പോയാല്‍ നന്ദിഗ്രാമില്‍ സംഭവിച്ചതു തന്നെ കേരളത്തിലെ സിപിഎമ്മിനും സംഭവിക്കുമെന്ന് വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.