തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരണവുമായി കെ റെയില്‍ എം.ഡി വി.അജിത്ത്. പദ്ധതിക്കായി കല്ലിടുന്നത് സമൂഹിക ആഘാത പഠനത്തിനാണെന്ന് വി.അജിത്ത് വ്യക്തമാക്കി.
കല്ലിടീല്‍ രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും സാമൂഹികാഘാത പഠനം മൂന്ന് മാസത്തിനകം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ കല്ലിടൽ തടസപ്പെടുത്താന്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായാല്‍ നേരിടേണ്ടത് സര്‍ക്കാരാണ്. കല്ല് പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും. ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയുണ്ടെന്നും കെ റെയില്‍ എംഡി പറഞ്ഞു.
സില്‍വര്‍ ലൈനുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരില്‍ നിന്ന് അഞ്ചു മീറ്റര്‍ വരെ നിര്‍മാണം പാടില്ലെന്നും എം.ഡി വ്യക്തമാക്കി. സില്‍വര്‍ലൈന്‍ ബഫര്‍ സോണ്‍ അതിരില്‍ നിന്ന് 10 മീറ്റര്‍ വരെ നിര്‍മാണത്തിന് അനുമതി വേണം. സില്‍വര്‍ലൈന്‍ പാളത്തിന് ഇരുവശത്തും കമ്പിവേലി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.