ദുബായ്: എക്സ്പോ 2020 യ്ക്ക് തിരശീല വീഴാന്‍ ഇനി 9 ദിവസത്തിന്‍റെ അകലം മാത്രം. 2021 ഒക്ടോബർ 01 ന് ആരംഭിച്ച എക്സ്പോയിലേക്ക് ഇതുവരെ 2 കോടിയിലധികം സന്ദർശകരെത്തിയെന്നാണ് കണക്ക്. കോവിഡ് കാലത്തും മികച്ച രീതിയില്‍ എക്സ്പോ നടത്തി ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് യുഎഇ.

രണ്ട് കോടി ജനങ്ങളെ ലക്ഷ്യമിട്ടാണ് എക്സ്പോ 2020 ആരംഭിച്ചതെങ്കില്‍ മേള അവസാനിക്കാന്‍ 12 ദിവസം ബാക്കി നില്‍ക്കെതന്നെ ആ ലക്ഷം ദുബായ് എക്സ്പോ മറികടന്നിരുന്നു. ഇനിയുളള ദിവസങ്ങളിലും സന്ദർശകപ്രവാഹത്തിന് ഒട്ടും കുറവുണ്ടാകില്ലെന്നാണ് പ്രതീക്ഷ. ഇതോടെ രണ്ടര കോടിയിലധികം പേർ എക്സ്പോയിലേക്ക് എത്തും.
ബെസ്റ്റ് പവലയിന്‍ സൗദി
എക്‌സ്‌പോ 2020 ദുബായിലെ സൗദി അറേബ്യയുടെ പവലിയൻ ‘ബെസ്റ്റ് പവലിയൻ’ അവാർഡും രണ്ട് ഓണററി അവാർഡുകളും നേടി. എക്‌സിബിറ്റർ മാസികയാണ് സൗദി അറേബ്യയെ മികച്ച പവലിയനായി തെരഞ്ഞെടുത്തത്. ലോകപ്രശസ്ത എക്സിബിഷന്‍റെ ഓരോ പതിപ്പിനും അവാർഡുകൾ നൽകുന്നവരാണ് എക്‌സിബിറ്റർ മാസിക. ‘വലിയ സ്യൂട്ടുകൾ’ വിഭാഗത്തിലാണ് സൗദി അറേബ്യ പവലിയൻ പുരസ്‌കാരം നേടിയത്.
മികച്ച എക്സ്റ്റീരിയർ ഡിസൈനിനും മികച്ച ഡിസ്പ്ലേയ്ക്കും ഓണററി അവാർഡുകളും ലഭിച്ചു. യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്‍റെ (USGBC) LEED-ൽ പ്ലാറ്റിനം സർട്ടിഫിക്കറ്റ് പവലിയൻ നേരത്തെ നേടിയിരുന്നു. ഏറ്റവും വലിയ ഇന്‍ററാക്ടീവ് ലൈറ്റ് ഫ്ലോർ, ഏറ്റവും ദൈർഘ്യമേറിയ ഇന്‍ററാക്ടീവ് വാട്ടർ കർട്ടൻ, ഏറ്റവും വലിയ ഇന്‍ററാക്ടീവ് ഡിജിറ്റൽ സ്‌ക്രീൻ മിറർ എന്നിവയ്‌ക്കായി മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളും നേരത്തെ തന്നെ സൗദി പവലിയന്‍ സ്വന്തമാക്കിയിരുന്നു.