തിരുവനന്തപുരം: രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റിനെ സ്ഥാനത്തു നിന്ന് നീക്കി. ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞ ആര്‍.വി. സ്‌നേഹയ്‌ക്കെതിരേയാണ് എന്‍എസ്‌യു ദേശീയ നേതൃത്വം നടപടി എടുത്തത്. എന്തിനാണ് നടപടിയെന്ന് തനിക്കറിയില്ലെന്ന് സ്‌നേഹ പ്രതികരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാനാണ് പ്രസിഡന്റ് കെ.എം അഭിജിത്തിന് അയച്ച കത്തില്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ പരാതിയിന്മേലാണ് നടപടിയെന്നും ദേശീയ സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹരിപ്പാട് ചെറുതന ഡിവിഷനില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സ്‌നേഹ. നേരത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എം ലിജുവിന് വേണ്ടി സ്‌നേഹ പരസ്യമായി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, അവരുടേത് പെയ്‌മെന്റ് സീറ്റാണെന്ന് സ്നേഹ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യപ്രതികരണം നടത്തിയിരുന്നു.