യുഎഇ: എന്നേക്കുമായി ഇരുളടഞ്ഞ തന്റെ അകക്കണ്ണിലൂടെ ക്രിക്കറ്റിനെ പ്രണയിക്കുകയാണ് രജനീഷ് ഹെൻറി എന്ന കോഴിക്കോട്ടുകാരൻ. ലോക ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിന്റെ വൈസ് പ്രസിഡണ്ടായ ഇദ്ദേഹം കാഴ്ച പരിമിതരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന പ്രചോദകനും, മികച്ച ഒരു സംഘാടകനുമാണ് .
ഷാർജയിൽ കഴിഞ്ഞ ദിവസം സമാപിച്ച കാഴ്ച വൈകല്യമുള്ളവരുടെ ത്രികോണ ക്രിക്കറ്റ് ടൂർണമെന്റിന് നേതൃത്വം നൽകുവാൻ എത്തിയതാണ് രജനീഷ് ഹെൻറി യുഎഇ യിൽ.
മുഖ്യധാര ക്രിക്കറ്റിന് സമാനമായി ബ്ലൈൻഡ് ക്രിക്കറ്റിനെയും സമൂഹം സ്വീകരിക്കുന്ന സാഹചര്യം ഉണ്ടാവണമെന്നാണ് ഇദ്ദേഹത്തിന്റെ പ്രധാന ആവശ്യം. അതിന്റെ പ്രചരണത്തിനും വികസനത്തിനും വേണ്ടി സാധ്യമായ ഇടങ്ങളിൽ എല്ലാം ഇദ്ദേഹം സാന്നിധ്യമറിയിക്കാറുണ്ട്.
ആറാം വയസ്സുമുതൽ ഇരു കണ്ണിന്റെയും കാഴ്ച ഇരുളടഞ്ഞ കാലം തൊട്ടു ക്രിക്കറ്റ് സ്വപ്നങ്ങളും ഇദ്ദേഹത്തിന്റെ കൂടെയുണ്ട്. 2012ൽ ക്രിക്കറ്റ് അസോസിയേഷൻ 'ബ്ലൈൻഡ് ഫോർ ബ്ലൈൻഡ് ഇൻ കേരള' എന്ന പേരിൽ സംസ്ഥാന തല ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിക്കുന്നതിന് മുൻകൈയെടുത്തവരിൽ ഒരാളാണ് അദ്ദേഹം.
അസീസി ബ്ലൈൻഡ് സ്കൂൾ കാളകെട്ടി, ഹെലൻ കെല്ലർ മെമ്മോറിയൽ സ്കൂൾ പാലക്കാട് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രജനീഷ് ഹൈസ്കൂൾ കാലം മുതൽ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ബ്ലൈൻഡ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലും, കേരള ടീമിലും താരമായിരുന്നു.
കോഴിക്കോട് മാനാഞ്ചിറ ഗവ മോഡൽ എച്ച്എസ്എസിലെ ഇംഗ്ലിഷ് അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ് രജനീഷ്. ക്രിസ്റ്റീനയാണ് ഭാര്യ.