തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. വികസനമാണ് വിനാശമല്ല വേണ്ടത്. ഇത് ഉക്രെയ്‌നല്ല കേരളമാണെന്നും അവര്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പരാജയപ്പെടുന്ന പദ്ധതിയാണ്. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു മേധ പട്കര്‍.
പ്രളയത്തിന് ശേഷം കേരളം വികസന രീതി തിരുത്തുമെന്നാണ് കരുതിയത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച സാമൂഹിക ആഘാതപഠനം പോലും നടന്നിട്ടില്ല. പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് മര്‍ദനമേറ്റ യുഡിഎഫ് എംപിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവണമെന്നും മേധ പട്കര്‍ പറഞ്ഞു.