തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് ആക്രമിച്ചപ്പോള്‍ അതില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആഹ്ളാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നിയമസഭ അടിച്ചു തകര്‍ക്കാന്‍ അനുവാദം നല്‍കിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. പോലീസ് സ്റ്റേഷനകത്തും ബോംബ് നിര്‍മിക്കുമെന്ന് പറഞ്ഞയാളാണ് കോടിയേരി ബാലകൃഷ്ണന്‍. ആരും ഭൂതകാലം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സമരത്തോട് എന്താണ് ഇത്ര അസഹിഷ്ണുത. ജന്മിമാരേയും മുതലാളിമാരേയും പോലെയാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നത്. സിപിഎമ്മിനും ബിജെപിക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. എന്തു വന്നാലും പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി. മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി പച്ചക്കള്ളമായിരുന്നു പറഞ്ഞത് എന്നതിന്റെ തെളിവാണ് പദ്ധതി ചെലവിനെ കുറിച്ചുള്ള റയില്‍വേ മന്ത്രിയുടെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.