ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റില്‍ കല്ലിടാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. കെ റെയില്‍ പദ്ധതിക്കെതിരെ ആലപ്പുഴ കളക്ടറേറ്റില്‍ കല്ലിടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മതില്‍ ചാടിക്കടന്ന് നീങ്ങിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
മുപ്പതോളം പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്. ജില്ലാ പ്രസിഡന്റ് ടിജിന്‍ ജോസഫ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇപ്പോള്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി സര്‍വ്വെക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കേരളത്തിലുടനീളം അരങ്ങേറുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ പതിനൊന്നോടെ കളക്ടറേറ്റില്‍ എത്തിയത്.
എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്‍ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എന്നാല്‍ അകത്തു കടന്ന പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കളക്ടറേറ്റിന്റെ പരിസരത്ത് കല്ലു സ്ഥാപിച്ചു.