തിരുവനന്തപുരം: പൊതു പണിമുടക്ക് ദിനങ്ങളായ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍. മാസാവസാനമായത് കൊണ്ട് കൂടുതല്‍ പേര്‍ കടകളിലെത്തും. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പണിമുടക്ക് ദിവസങ്ങളില്‍ തുറക്കുന്നതെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.
പണിമുടക്ക് ദിവസങ്ങള്‍ക്കു പകരമായി ഞായറാഴ്ച്ച കട തുറക്കണമെന്ന് മന്ത്രി ജി.ആര്‍. അനില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്ച്ച തുറക്കാന്‍ സാധിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സഹായവും സഹകരണവും സര്‍ക്കാരില്‍നിന്ന് ഉണ്ടാവണമെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം അതാവശ്യ സന്ദര്‍ഭങ്ങളിലും ഉത്സവങ്ങളോ വിശേഷാല്‍ ദിവസങ്ങളോ അടുത്ത ദിവസങ്ങളില്‍ വരുന്ന സാഹചര്യത്തിലും ആണ് ഞായറാഴ്ച പോലുള്ള പൊതു അവധി ദിനങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കാവുന്നത്. പണിമുടക്കിന് ഇത് ബാധകമല്ലെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു.