കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വഴിത്തിരിവ്. നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നീക്കം ചെയ്ത ചില രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി സൂചന. ചില വാട്‌സാപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.
ഫോണിലുള്ള ചില രേഖകള്‍ തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയണമെന്ന നിര്‍ദ്ദേശം ദിലീപ് നല്‍കിയതെന്നാണ് സായ് ശങ്കര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ വാട്ട്സാപ്പ് ചാറ്റുകളടക്കം വീണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.
കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്ത വിധം മായ്ച്ചു കളയാന്‍ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ദിലീപിനെ നാളെ ചോദ്യംചെയ്യുമെന്നാണ് വിവരം. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും ചോദ്യം ചെയ്‌തേക്കും.