തിരുവനന്തപുരം: സാധാരണക്കാരെ വലച്ച സ്വകാര്യ ബസ് ഉടമകളുടെ സമരം പിന്‍വലിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായും ഗതാഗത മന്ത്രിയുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ഉടമകള്‍ പറഞ്ഞത്.
ഈ മാസം 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്. ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം ചാര്‍ജിന്റെ പകുതിയാക്കി ഉയര്‍ത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് ബസ് ഉടമകള്‍ സമരത്തിനിറങ്ങിയത്.