പൊതുപണിമുടക്ക്: സെക്രട്ടേറിയറ്റില്‍ ആകെയുള്ള ജീവനക്കാർ 4,828; ജോലിക്കെത്തിയത് വെറും 32 ജീവനക്കാര്‍ മാത്രം

പൊതുപണിമുടക്ക്: സെക്രട്ടേറിയറ്റില്‍ ആകെയുള്ള ജീവനക്കാർ 4,828; ജോലിക്കെത്തിയത് വെറും 32 ജീവനക്കാര്‍ മാത്രം

തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസമായ ഇന്ന് സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് വെറും 32 ജീവനക്കാര്‍ മാത്രം. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച്‌ സെക്രട്ടേറിയറ്റില്‍ 4,828 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഭൂരിഭാഗം മന്ത്രിമാരും ഇന്ന് സെക്രട്ടേറിയറ്റിലെത്തിയില്ല. ചീഫ് സെക്രട്ടറി വി.പി.ജോയി രാവിലെ തന്നെ ഓഫിസിലെത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പ്രധാന ജീവനക്കാരും ജോലിയ്‌ക്കെത്തി. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവനക്കാര്‍ എത്താത്തതോടെ സെക്രട്ടേറിയറ്റിലെ ഭരണ നടപടികളെല്ലാം അവതാളത്തിലായി. മറ്റുള്ള സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില കുറവായിരുന്നു. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കോടതി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ ഉത്തരവ് ഇറക്കാനും ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.