കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കൊല്ലാന്‍ ശ്രമച്ചതിനു പിന്നാലെ യുവാവ് സ്വയം തീകൊളുത്തി മരിച്ചു. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ്(42) ആണ് മരിച്ചത്.
മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയേയും കുടുംബത്തെയും വകവരുത്താനാണ് ഇയാള്‍ വീട്ടിലെത്തിയത്. യുവതിയുമായി രത്‌നേഷ് അടുപ്പത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് താത്പര്യമില്ലായിരുന്നു. അടുത്തമാസമായിരുന്നു യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രത്‌നേഷ് യുവതിയുടെ വീട്ടിലെത്തിയത്. മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് കോണി ഉപയോഗിച്ച് രണ്ടാംനിലയില്‍ കയറി. വാതില്‍ തകര്‍ത്ത് യുവതിയുടെ മുറിയില്‍ കയറി തീവയ്ക്കുകയായിരുന്നു.
വീടിന് തീപടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.
പിന്നാലെ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് മുറ്റത്തേക്ക് ഇറങ്ങി സ്വയം തീകൊളുത്തുകയായിരുന്നു. ഇതിനിടെ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു.