തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും സെക്രട്ടറിയേറ്റില്‍ ഇന്ന് ജോലിക്കെത്തിയത് വെറും 176 പേര്‍. 4,824 ജീവനക്കാര്‍ ജോലി ചെയ്യുന്നിടത്താണ് നാമമാത്ര ജീവനക്കാര്‍ എത്തിയത്. ഇന്നലെ 32 പേര്‍ മാത്രമായിരുന്നു ജോലിക്കെത്തിയത്. സെക്രട്ടറിയേറ്റില്‍ മാത്രമല്ല മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ കുറവാണ്.
അനിവാര്യ കാരണമില്ലാതെ അവധി അനുവദിക്കില്ലെന്നും, അനധികൃതമായി ഹാജരാകാതിരുന്നാല്‍ ശമ്പളം നഷ്ടപ്പെടുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ജോലിക്കു ഹാജരാകേണ്ടെന്ന നിര്‍ദേശമാണ് സര്‍വീസ് സംഘടനകള്‍ നല്‍കിയത്. ഇതാണ് ജീവനക്കാരുടെ എണ്ണം തീരെ കുറയാന്‍ കാരണം. പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം, കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
ജോലിക്കെത്താത്തവര്‍ അവധി അപേക്ഷിക്കുന്നതിനാല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല. വാഹന സൗകര്യം ഇല്ലാത്ത കാരണമടക്കം ജീവനക്കാര്‍ക്ക് ചൂണ്ടിക്കാട്ടാനാകും. അതേസമയം, ആദ്യ ദിനത്തെ അപേക്ഷിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ഹാജര്‍ നില ഉയര്‍ന്നിട്ടുണ്ട്. മിക്കയിടത്തും ഓഫീസുകള്‍ സജീവമാണ്. റോഡുകളിലും തിരക്ക് പ്രകടമാണ്.