മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിന്റെ ഉദ്ഘാടന മത്സരം ഏപ്രില്‍ 16 ന് കോട്ടപ്പടി സ്റ്റേഡിയത്തില്‍. രാവിലെ 9.20 ന് പശ്ചിമ ബംഗാളും പഞ്ചാബും ഏറ്റുമുട്ടും. കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16 ന് രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരെയാണ്.
മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് എയിലുള്ള കേരളത്തിന്റെ മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കേരളം ഗ്രൂപ്പ് എ യില്‍ ആണ് പോരിനിറങ്ങുക.
മേഘാലയ, പഞ്ചാബ്, ബംഗാള്‍, രാജസ്ഥാന്‍ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എ യിലുള്ളത്. ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, സര്‍വീസസ്, മണിപ്പൂര്‍ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി.
10 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാകും. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പില്‍ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.