രണ്ട് രൂപ വര്‍ധനവുമായി ബസ് ഓടില്ല; ഇപ്പോഴത്തെ നിരക്ക് വര്‍ധനവ് സ്വീകാര്യമല്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

രണ്ട് രൂപ വര്‍ധനവുമായി ബസ് ഓടില്ല; ഇപ്പോഴത്തെ നിരക്ക് വര്‍ധനവ് സ്വീകാര്യമല്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് ഉടന്‍ പ്രാബല്യത്തില്‍ വരും. മിനിമം പത്ത് രൂപയാക്കാനാണ് തീരുമാനം. അതേസമയം ഇപ്പോഴത്തെ നിരക്ക് വര്‍ധനവ് സ്വീകാര്യമല്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ധനവ് സ്വകാര്യ ബസുകള്‍ക്ക് യാതൊരു ഗുണവും ഉണ്ടാക്കില്ല. രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ധനയുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയതാണെന്നും അതിന് ശേഷം പല തവണ ഇന്ധന വില കൂട്ടിയെന്നും ബസ് ഉടമകള്‍ പറഞ്ഞു. തുടര്‍ നിലപാട് ഉടന്‍ യോഗം ചേര്‍ന്ന് സ്വീകരിക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

ബസ് ചാര്‍ജ് മിനിമം 12 രൂപയാക്കി ഉയര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം തളളിയാണ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓട്ടോ, ടാക്സി ചാര്‍ജും വര്‍ധിപ്പിക്കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ നിരക്ക് തീരുമാനിക്കാന്‍ കമ്മിഷനെ നിയോഗിക്കും. ചാര്‍ജ് വര്‍ധന കെ.എസ്.ആര്‍.ടി.സിക്കും ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.