മൊബൈല്‍ ഫോണില്‍നിന്നു വിവരങ്ങള്‍ മായ്ച്ചു കളഞ്ഞു; കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

മൊബൈല്‍ ഫോണില്‍നിന്നു വിവരങ്ങള്‍ മായ്ച്ചു കളഞ്ഞു; കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ വിമർശനവുമായി പ്രോസിക്യൂഷന്‍. കോടതി ഉത്തരവ് ഉണ്ടായിട്ടു പോലും മൊബൈല്‍ ഫോണില്‍നിന്നു വിവരങ്ങള്‍ മായ്ച്ചുകളഞ്ഞയാളാണ് ദിലീപ് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ഇങ്ങനെയൊരാള്‍ക്ക് കോടതിയില്‍ നിന്ന് എങ്ങനെയാണ് കനിവു തേടാനാവുകയെന്ന് കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴ് മൊബൈല്‍ ഫോണുകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതില്‍ ആറു ഫോണുകളാണ് കോടതി ഉത്തരവു പ്രകാരം ഹാജരാക്കിയത്. ഹാജരാക്കിയവയില്‍നിന്നു തന്നെ വന്‍തോതില്‍ വിവരങ്ങള്‍ മായ്ച്ചു കളഞ്ഞിരുന്നു.

ഒരു ഫോണില്‍നിന്ന് 32 കോണ്‍ടാക്റ്റുകള്‍ മായ്ച്ചു കളഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തെളിവു നശിപ്പിക്കലാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. മായ്ച്ചു കളഞ്ഞ വിവരങ്ങള്‍ തെളിവുകള്‍ ആവണമെന്നു നിര്‍ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി ഉത്തരവിനു ശേഷവും ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാമോയെന്ന് പ്രോസിക്യൂഷന്‍ ആരാഞ്ഞു. അത് പാടില്ലെന്ന് കോടതി വ്യക്തമാക്കി.

സാധാരണ ഗൂഢാലോചന കേസില്‍ നിന്നു വ്യത്യസ്തമായി ഈ കേസില്‍ കൃത്യമായ ദൃക്‌സാക്ഷിയുണ്ടെന്ന് പ്രോസിക്യൂഷന്‍ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ അവര്‍ ഗൂഢാലോചന നടത്തി. അതു നടപ്പാക്കിയില്ലെന്നതു ശരിയാണ്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ 2013ല്‍ നടത്തിയ ഗൂഢാലോചന 2017ലാണ് നടപ്പാക്കിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ആ പാറ്റേണ്‍ തന്നെയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു കുറ്റകൃത്യം നടന്നു. അതില്‍ അന്വേഷണം നടക്കുകയാണ് പ്രധാനമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.