കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. ഇരുവര്‍ക്കും ഇന്ന് നോട്ടീസ് നല്‍കിയേക്കും. മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.
ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ പള്‍സര്‍ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുള്ളത്. ദിലീപിനോട് കാര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നല്‍കും.
സാങ്കേതിക തകരാര്‍ ഉള്ള കാര്‍ ദിലീപിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതിനിടെ ജയിലില്‍ നിന്ന് ദിലീപിനായി സുനി അയച്ച കത്തിന്റെ ഒറിജിനലും അന്വേഷണ സംഘം കണ്ടെത്തി. പള്‍സര്‍ സുനി ദിലീപിനയച്ച കത്തിന്റെ ഒറിജിനില്‍ സുനിയുടെ സഹ തടവുകാരനായിരുന്ന കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.