മത, രാഷ്ട്രീയ സംഘടനകള്‍ക്ക് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കരുത്': ഫയര്‍ ഫോഴ്‌സ് മേധാവിയുടെ പുതിയ സര്‍ക്കുലര്‍

മത, രാഷ്ട്രീയ സംഘടനകള്‍ക്ക് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കരുത്': ഫയര്‍ ഫോഴ്‌സ് മേധാവിയുടെ പുതിയ സര്‍ക്കുലര്‍

തിരുവനന്തപുരം: മത രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കേണ്ടന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി സന്ധ്യ.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കുലര്‍. സര്‍ക്കാര്‍ അംഗീകൃത സംഘടനകര്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കുക എന്നിവയാണ് നിര്‍ദേശങ്ങള്‍.

പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് ഗുരുതര പിഴവാണെന്നും,​ പരിശീലനത്തിന് അനുമതി നല്‍കിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കാണിച്ച്‌ ഫയര്‍ഫോഴ്സ് മേധാവി ഇന്നലെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എറണാകുളം റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാരടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തുന്നതിന്റെ വിവിധ രീതികളും, ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധവുമൊക്കെയാണ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പഠിപ്പിച്ചുകൊടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.