ന്യൂഡൽഹി: കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിന് എതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. സര്‍വകലാശാലയുടെ ചാന്‍സിലര്‍ എന്ന നിലയിലാണ് നോട്ടീസ്.
ഹര്‍ജിയില്‍ ഒന്നാം എതിര്‍കക്ഷിയാണ് ഗവര്‍ണര്‍. ഗവര്‍ണറെ കൂടാതെ സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല ആക്ടിന്റെ സെക്ഷന്‍ പത്തിന്റെയും ഏഴിന്റെയും ലംഘനം വഴിയാണ് പുനര്‍നിയമനം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ കോടതി സമയപരിധി വച്ചിട്ടില്ല.
വി.സിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നേരത്തെ തള്ളിയിരുന്നു.
പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനര്‍നിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ വലിയ വാക്കുതര്‍ക്കം നടന്നിരുന്നു. ഇങ്ങനെ പ്രവര്‍ത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാന്‍സലര്‍ പദവി ഒഴിയുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു.