കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന വെളിപ്പെടുത്തലുമായി പൊലീസ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ബന്ധുകള്‍ക്കൊപ്പമാണ് ദമ്പതികള്‍ പുഴക്കരയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ഈ സ്ഥലത്ത് ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും എന്നാൽ ഇന്ന് ഫോട്ടോഷൂട്ടിനല്ല വന്നതെന്നും ബന്ധുക്കളോടൊപ്പമാണ് വന്നതെന്നും ഫോട്ടോഗ്രാഫര്‍ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റെജിൻ ലാൽ (28) ആണ് പുഴയില്‍ മുങ്ങി മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. മാര്‍ച്ച് 14-ാം തീയതിയായിരുന്നു റെജിൻ ലാലിന്‍റെ വിവാഹം. കഴിഞ്ഞ ദിവസം ഇവര്‍ ഈ പുഴക്കരയില്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇന്ന് ഇവര്‍ വീണ്ടും എത്തിയതായിരുന്നു. ബന്ധുക്കളോടൊപ്പമാണ് ഇവര്‍ സ്ഥലത്തെത്തിയതെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.
അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഉടനെ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും റെജിൻ ലാലിനെ രക്ഷിക്കാനായില്ല.
റെജിലിന്‍റെ മൃതദേഹം ഇപ്പോള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്. ഭാര്യ കനഹ ഇപ്പോള്‍ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്.