പ്രതിപക്ഷ നേതാവിനെതിരെ പരസ്യപ്രസ്താവന; കോട്ടയം ഡിസിസി പ്രസിഡന്റിനോട് വിശദീകരണം തേടി

പ്രതിപക്ഷ നേതാവിനെതിരെ പരസ്യപ്രസ്താവന; കോട്ടയം ഡിസിസി പ്രസിഡന്റിനോട് വിശദീകരണം തേടി

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പരസ്യ പ്രസ്താവന നടത്തിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനോട് വിശദീകരണം തേടി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

ഡിസിസി പ്രസിഡന്റ് അച്ചടക്കലംഘനം നടത്തിയെന്നു ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. സുരേഷിനെ ഇന്നലെ കെപിസിസി പ്രസിഡന്റ് തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. 

സിൽവർലൈൻ പദ്ധതിക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തു യുഡിഎഫ് നടത്തിയ പ്രതിഷേധ പരിപാടിയിൽ നാട്ടകം സുരേഷ് പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷനേതാവ് വി.ഡി സതീശനായിരുന്നു ഉദ്ഘാടകൻ. ശനിയാഴ്ച പ്രതിപക്ഷ നേതാവിനും യുഡിഎഫ് നേതൃത്വത്തിനും എതിരെ വിമർശനം ഉന്നയിച്ച് സുരേഷ് വാർത്താസമ്മേളനം നടത്തുകയും ചെയ്തു.

പ്രതിപക്ഷനേതാവിന്റെ കോട്ടയം ജില്ലയിലെ പരിപാടികൾ തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തം ഉണ്ണാൻ പോകില്ലെന്നുമായിരുന്നു നാട്ടകം സുരേഷിന്റെ ശനിയാഴ്ചത്തെ പ്രതികരണം.  ഇക്കാര്യങ്ങളിൽ ഉമ്മൻ ചാണ്ടിയും സുരേഷിനെ അതൃപ്തി അറിയിച്ചതായാണു സൂചന.

കെപിസിസി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യനും പി.എ.സലീമും കെപിസിസിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.  എന്നാൽ വിശദീകരണം ചോദിച്ച് കത്തു ലഭിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡ‍ന്റിനെക്കണ്ടു കാര്യങ്ങൾ വിശദീകരിച്ചെന്നും നാട്ടകം സുരേഷ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.