ദുബായ്: യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ താമസ വിസ പാസ്പോർട്ടില്‍ സ്റ്റാമ്പ് ചെയ്യേണ്ടിവരില്ലെന്ന് റിപ്പോർട്ട്. ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം പ്രാദേശിക ദിനപത്രമാണ് ഇത്തരത്തിലുളള സൂചന നല്‍കുന്നത്. ഏപ്രില്‍ 11 ന് ശേഷം നല്‍കുന്ന താമസരേഖകള്‍ക്കായിരിക്കും ഇത് ബാധകമാകുക. പാസ്പോർട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം എമിറേറ്റ്സ് ഐഡിയിലായിരിക്കും താമസവിസ രേഖപ്പെടുത്തുക.
താമസവിസയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എമിറേറ്റസ് ഐഡിയില്‍ ലഭ്യമാകും. എമിറേറ്റ്സ് ഐഡിയും പാസ്പോർട്ട് നമ്പറും ഉപയോഗിച്ച് എയർലൈനുകള്‍ക്ക് താമസ വിസ പരിശോധന നടത്താം. പ്രവാസികളുടെ പാസ്പോർട്ടില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരായ ശേഷം പതിക്കുന്ന സ്റ്റിക്കറാണ് റെസിഡന്‍സ് വിസ. രണ്ട്, മൂന്ന്, അഞ്ച്, പത്ത് വർഷങ്ങളിലേക്കാണ് റെസിഡന്‍സ് വിസ നല്‍കുന്നത്.