കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടന റിപ്പോര്‍ട്ട് പുറത്ത്. പാര്‍ട്ടി സെന്ററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. സംഘടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പിബി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക പ്രക്ഷോഭങ്ങള്‍ വളര്‍ത്താനും ഇടതുജനാധിപത്യ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനും പിബിയ്ക്ക് ആയില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാര്‍ട്ടിക്ക് കൂടുതല്‍ ശ്രദ്ധയെന്നും വിമര്‍ശനം ഉയര്‍ന്നു. കൂടാതെ പാര്‍ലമെന്ററി പ്രവണതയും പിന്തിരിപ്പന്‍ രീതികളും പ്രകടമാകുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി ശക്തമായ തിരുത്തല്‍ നടപ്പാക്കണം. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തുന്നില്ല. വര്‍ഗബഹുജന സംഘടനകളുടെ വിലയിരുത്തല്‍ നടക്കുന്നില്ല. ഒറ്റ സംഘടനയുടെ പോലും വിലയിരുത്തല്‍ നടത്താനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിക്കാത്തത് പിഴവെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാന്‍ സമരം ഒഴിവാക്കുന്നു. പാര്‍ലമെന്ററി വ്യാമോഹവും ഇതിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല വിഷയം പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരെ അകറ്റിയെന്ന് സിപിഎം റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയെന്ന് സിപിഎം വിമര്‍ശിക്കുന്നു. കേരളത്തിലെ ബദല്‍ നയങ്ങള്‍ക്കാണ് ജനങ്ങള്‍ 2021ല്‍ അംഗീകാരം നല്‍കിയത്. വിജയം പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ധാര്‍ഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്‍പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയും ബഹുജന സംഘടനകളും ഭരണത്തിന്റെ അനുബന്ധങ്ങളാകരുത്. ജനങ്ങള്‍ക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത ന്യൂനപക്ഷം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ബിജെപിയെ നേരിടാനാവില്ലെന്ന് വിലയിരുത്തി. പശ്ചിമ ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാള്‍ കമ്മിറ്റിക്ക് കുറിപ്പ് നല്‍കി. തൃണമൂലിനും ബിജെപിക്കുമിടയില്‍ ഒത്തുകളിയെന്ന വിലയിരുത്തല്‍ പിഴവായിരുന്നു. കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം ലംഘിച്ചാണ് കോണ്‍ഗ്രസും ഐ എസ് എഫും ഉള്‍പ്പെട്ട സംയുക്ത മുന്നണി ഉണ്ടാക്കിയത്.
പിന്നാക്ക ജാതി വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്തുള്ള തെലങ്കാന പരീക്ഷണം പിബി തള്ളി. ജാതി യാഥാര്‍ത്ഥ്യമെന്നും പിന്നാക്ക ദളിത് വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കണമെന്നും തെലങ്കാന വാദിച്ചു. പിബിയും സിസിയും ഇത് മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടെന്ന് പ്രമേയം പാസാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.