കണ്ണൂര്‍: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം. രാവിലെ പത്തിന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസിന് ഔദ്യോഗിക തുടക്കം കുറിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ സന്നിഹിതരായിരുന്നു.
പതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. നാടിനെ തകര്‍ക്കുന്ന നയം ശക്തിപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസന കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്ന് മാത്രമാണ് അവര്‍ ശബ്ദമുയര്‍ത്തുന്നത്. പാര്‍ലമെന്റിലും കേരളത്തിനായി ശബ്ദിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.