കെഎസ്ഇബി സമരം: ഇടത് സംഘടനാ നേതാവിന് സസ്പെന്‍ഷന്‍

കെഎസ്ഇബി സമരം: ഇടത് സംഘടനാ നേതാവിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സമരത്തില്‍ പങ്കെടുത്തതിന് കെഎസ്ഇബി യൂണിയന്‍ നേതാവിന് സസ്പെന്‍ഷന്‍. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനേയാണ് സസ്പെന്റ് ചെയ്തത്. സര്‍വീസ് ചട്ടത്തിന് വിരുദ്ധമായി ചെയര്‍മാന്റെ വിലക്ക് ലംഘിച്ച് സമരത്തില്‍ പങ്കെടുത്തതിനാണ് നടപടി.

മന്ത്രിമാരായിരുന്ന എം.എം മണിയുടേയും എ.കെ ബാലന്റേയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍. അതേസമയം ചെയര്‍മാന്റേത് പ്രതികാര നടപടിയാണെന്നായിരുന്നു എം.ജി സുരേഷ് കുമാറിന്റെ പ്രതികരണം. സമരം ചെയ്തതാണ് സസ്പെന്‍ഷന് കാരണമായി പറയുന്നത്. സസ്പെന്‍ഷന്‍ അംഗീകരിക്കില്ല. സമരം ജാനധിപത്യപരമായിരുന്നു. നടപടി എടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്നും സുരേഷ് കുമാര്‍ പറയുന്നു.

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോകിനെതിരെ ഇടത് സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്ത നടപടിയിലും ഇവരോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ആരോപിച്ചായിരുന്നു സത്യാഗ്രഹം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ചെയര്‍മാന്‍ ഉത്തരവിറക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.