ആശങ്കകള്‍ക്ക് വിരാമം; ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം വേദി കൊച്ചി തന്നെ

ആശങ്കകള്‍ക്ക് വിരാമം; ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം വേദി കൊച്ചി തന്നെ

കൊച്ചി: ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നീളുന്ന ഐഎസ്എല്‍ സീസണില്‍ കൊച്ചിയില്‍ 10 മത്സരങ്ങള്‍ നടക്കും. ഉദ്ഘാടന മത്സരം കൊച്ചിയില്‍ തന്നെ നടക്കുവാനുമുള്ള സാധ്യതയേറെയാണ്.

ഓഗസ്റ്റ് മാസത്തോടെ ടീം കൊച്ചിയില്‍ വന്ന് പരിശീലനം ആരംഭിക്കുമെന്ന് ജിസിഡിഎ ഭാരവാഹികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികള്‍ പറഞ്ഞു. ഫുട്‌ബോളിന്റെ വികസനത്തിനും കൂടുതല്‍ മത്സരങ്ങള്‍ കൊച്ചിയിലേക്ക് കൊണ്ടുവരുവാനും ജിസിഡിഎയും ബ്ലാസ്റ്റേഴ്സും ഒരുമിച്ച് ശ്രമിക്കും.

സ്റ്റേഡിയം പരിസരം കൂടുതല്‍ ആകര്‍ഷകമാക്കുക, അശാസ്ത്രീയമായ പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തിരമായി ഏറ്റെടുത്ത് നടപ്പിലാക്കും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ മ്യൂസിയത്തിനായുള്ള സ്ഥല സൗകര്യവും സഹകരണവും ജിസിഡിഎ നല്‍കും. ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് എന്നിവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.