കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ അതൃപ്തി അറിയിച്ച് ബംഗാള്‍ ഘടകം. നന്ദി ഗ്രാം ഒരു പാഠമാകണമെന്നും കേന്ദ്ര നേതൃത്വം പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂര്‍ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാള്‍ ഘടകം അഭിപ്രായപ്പെട്ടു.
സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ അനുകൂലിച്ച് സംസാരിച്ചിരുന്നു. പദ്ധതി നടപ്പിലാക്കും എന്ന ധ്വനിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. ഈ ഒരു വിഷയത്തിലാണ് ബംഗാള്‍ നേതാക്കള്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കണം എന്നാണ് ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം.
പാര്‍ട്ടിക്ക് മുമ്പില്‍ നന്ദിഗ്രാം തിരിച്ചടി നേരിട്ട മാതൃകയായി മുന്നില്‍ നില്‍പ്പുണ്ട്. അതുകൊണ്ട് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുത്. ഭൂപ്രശ്‌നങ്ങള്‍ വലിയ തിരിച്ചടിയാകുമെന്നും വലിയ രീതിയിലുള്ള ആലോചനകള്‍ വേണമെന്നുമുള്ള നിര്‍ദ്ദേശമാണ് ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടു വെയ്ക്കുന്നത്.
അതേസമയം കെ റെയില്‍ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം സി.പി.എം കേന്ദ്ര നേതൃത്വം പറഞ്ഞിട്ടുമില്ല. സാമൂഹികാഘാത പഠനം പുറത്തു വന്നതിന് ശേഷം പ്രതികരിക്കാമെന്നാണ് കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.